പ്രിയ സുഹൃത്തുക്കളെ സ്‌നേഹിതരെ,
2012 ഒക്ടോബര്‍ മാസം യുകെ ചാരിറ്റി കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തു നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ സംബന്ധിച്ച് യുകെ മലയാളികളോട് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. യുകെയില്‍ മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ ഗ്രാമങ്ങളിലും സഹായഹസ്തവുമായി എത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആദ്യമായി നന്ദി പറയുന്നത് ബ്രിട്ടീഷ് മലയാളി വായനക്കാരോടാണ്. ബ്രിട്ടീഷ് മലയാളി വായനക്കാരുടെ അകമഴിഞ്ഞ സഹായവും വിശ്വാസവുമാണ് ഞങ്ങളെ മുമ്പോട്ട് നയിക്കുന്നതിനുള്ള പ്രേരക ശക്തി എന്നു പറയാതെ വയ്യ. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മൂന്നരക്കോടി രൂപയോളം കേരളത്തിലെ അശരണരായ രോഗികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുമായി വിതരണം ചെയ്തു. കൂടാതെ നേപ്പാള്‍ ദുരന്തമുണ്ടായപ്പോള്‍ നല്‍കിയ സഹായവും കൊല്ലം ജില്ലയില്‍ വെടിക്കെട്ട് അപകടത്തില്‍ മാതാപിതാക്കള്‍ മരണമടഞ്ഞ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയ സഹായവും പ്രത്യേകം ശ്രദ്ധേയമായി മാറി. യുകെയിലെ എയര്‍ ആംബുലന്‍സ് അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വളരെ ഗുരുതരാവസ്ഥയിലായിരുന്ന ജോമിയെ നാട്ടിലെത്തിക്കുന്നതിനായി നടത്തിയ ജോമി അപ്പീലിലും ഈസ്റ്റ്‌ബോണില്‍ അകാലത്തില്‍ മരണമടഞ്ഞ ജോസിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നടത്തിയ ജോസി അപ്പീലിലും, ലണ്ടനില്‍ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനായി നടത്തിയ അപ്പീലിലും യുകെയിലെ മലയാളികള്‍ ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു സഹായമാണ് നല്‍കിയത്. സ്വന്തം കുടുംബ അംഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എങ്ങനെ സഹായിക്കുമോ അതേ രീതിയിലാണ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഈ അപ്പീലില്‍ എല്ലാം സഹകരിച്ചത്. തികച്ചും സുതാര്യമായും നിഷ്പക്ഷമായും പ്രവര്‍ത്തിച്ചുവരുന്ന ചാരിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി വ്യക്തികളെ ഇവിടെ ഓര്‍ക്കേണ്ടതായുണ്ട്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍മാനും ഇപ്പോഴത്തെ ട്രസ്റ്റിയും മറുനാടന്‍ മലയാളിയുടെയും ബ്രിട്ടീഷ് മലയാളിയുടെയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ, സ്ഥാപക സെക്രട്ടറി സന്തോഷ് കുമാര്‍, ട്രഷറര്‍ ജോര്‍ജ്ജ് ജോസഫ്, മുന്‍ ഭാരവാഹികള്‍, ട്രസ്റ്റിമാര്‍ എന്നിവര്‍ നല്‍കിയ സഹകരണത്തെ നന്ദിയോടെ സ്മരിക്കുവാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു. കൂടാതെ ഫണ്ടുകള്‍ വിതരണം ചെയ്യുവാന്‍ സഹായിച്ച പത്തനാപുരം ഗാന്ധിഭവന്‍ പോലെയുള്ള സ്ഥാപനങ്ങള്‍, രാഷ്ട്രീയ നേതാക്കന്മാര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങി എല്ലാവരെയും ഈ അവസരത്തില്‍ സ്മരിക്കുന്നു. സാമ്പത്തിക സഹായത്തിനായി ഞങ്ങള്‍ക്ക് ലഭിക്കുന്ന നൂറുകണക്കിന് അപേക്ഷകളില്‍ നിന്നും ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാനാണ് ഞങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാരണം എല്ലാ അപേക്ഷകളും പരിഗണിക്കേണ്ട അവസ്ഥയിലുള്ളതാണ് എന്നതാണ് സത്യം. എങ്കിലും മറ്റു യാതൊരു താല്പര്യമോ പരിഗണനയോ കൂടാതെ കൃത്യമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ട്രസ്റ്റിമാര്‍ കേസുകള്‍ സെലക്ട് ചെയ്യുന്നത്. പതിനൊന്ന് ട്രെസ്റ്റിമാര്‍ ചേര്‍ന്നുള്ള ഒരു കമ്മിറ്റിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എല്ലാവര്‍ഷവും കൃത്യമായ കണക്കുകള്‍ ചാരിറ്റി കമ്മിഷന് സമര്‍പ്പിച്ച് കമ്മിഷന്റെ അംഗീകാരത്തോടെയാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഫൗണ്ടേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും, റിപ്പോര്‍ട്ടുകളും, കണക്കുകളും, സ്‌റ്റേറ്റ്‌മെന്റുകളും ബാക്കി എല്ലാ വിവരങ്ങളും ചാരിറ്റി ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. ചാരിറ്റി ഫൗണ്ടേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായോ ഫണ്ടുകള്‍ വിതരണം ചെയ്യുന്നതിനായോ യാതൊരുവിധ തുകയും എടുക്കാത്ത ഏക ചാരിറ്റി ഫൗണ്ടേഷന്‍ ആയിരിക്കാം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എന്നു ഞാന്‍ കരുതുന്നു. വരും വര്‍ഷങ്ങളില്‍ വ്യത്യസ്തങ്ങളായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് ചെയ്യാന്‍ കഴിഞ്ഞ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്നു എല്ലാവരുടെയും സഹായ സഹകണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.
നന്ദി…
ഫ്രാൻസിസ് ആൻ്റണി